പതിന്നാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. ..നിയമനിര്‍മാണത്തിന് മാത്രമായി ചേരുന്ന സമ്മേളനത്തില്‍ വിവാദങ്ങള്‍ കൂടുതലായി ഇടംപിടിച്ചേക്കും..

തിരുവനന്തപുരം: (www.streetlightnews.com 7. 8. 2017 )പതിന്നാലാം കേരളനിയമസഭയുടെ ഏഴാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. സംസ്ഥാനത്തും ദേശീയതലത്തിലും രാഷ്ട്രീയവിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലത്താണ് സമ്മേളനം. നിയമനിര്‍മാണത്തിന് മാത്രമായി ചേരുന്ന സമ്മേളനത്തില്‍ വിവാദങ്ങള്‍ കൂടുതലായി ഇടംപിടിച്ചേക്കും. ജി.എസ്.ടി. നടപ്പാക്കിയിട്ടും വില കുറയാത്തതും കോവളം കൊട്ടാരത്തിന്റെ കൈമാറ്റവും മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനൈച്ചാല്ലി സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള തര്‍ക്കവുമെല്ലാം ചര്‍ച്ചയാവും. 
കോവളത്തെ പ്രതിനിധാനം ചെയ്യുന്ന എം. വിന്‍സെന്റ് സ്ത്രീപീഡനക്കേസില്‍ റിമാന്‍ഡിലാണ്. വിന്‍സെന്റിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രതിപക്ഷ ആരോപണം സഭയില്‍ ഉയരും. സമ്മേളനം തുടങ്ങുന്ന ദിവസമാണ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്.
സി.പി.എമ്മും ബി.ജെ.പി. യും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായത് പ്രതിപക്ഷത്തിന് മൂര്‍ച്ചയുള്ള ആയുധമാണ്. അടുത്തിടെ തലസ്ഥാനത്ത് നടന്ന സംഘര്‍ഷങ്ങളും ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെച്ചൊല്ലിയുള്ള വിവാദവും ഇപ്പോഴും സജീവമാണ്. ഇതു സംബന്ധിച്ച് സഭയില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍ബന്ധിതനാവും. മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്നാജ്ഞാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിധേയമാവും. 
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, സഹകരണ ബാങ്കുകളുടെ ലയനം, ജി.എസ്.ടി. എന്നിവ സംബന്ധിച്ച നിര്‍ണായക ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. അതിനാല്‍, സഭാനടപടികളില്‍ പ്രതിപക്ഷം പൂര്‍ണമായി സഹകരിച്ച് നിലപാട് വ്യക്തമാക്കാനാണ് സാധ്യത. 24-നാണ് സമ്മേളനം അവസാനിക്കുന്നത്.