ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ട്....ജയിലിലെ തറയില്‍ക്കിടന്ന് ഉറങ്ങേണ്ടിവരുന്നതും താരത്തെ സാരമായി ബാധിച്ചു.

കൊച്ചി: (www.streetlightnews.com 7.8.2017 ) ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ട്.
 ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ആരോഗ്യനില വഷളാക്കുന്നത്. ഇതുമൂലം ഇടയ്ക്ക് തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടുന്നുണ്ട്. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫ്ളൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്നമാകുന്നത്.ജയിലിലെ തറയില്‍ക്കിടന്ന് ഉറങ്ങേണ്ടിവരുന്നതും താരത്തെ സാരമായി ബാധിച്ചു.
ജയിലില്‍ ദിലീപിന് മരുന്ന് നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തതും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന ഭയവും ദിലീപിനെ അലട്ടുന്നുണ്ട്.
  പിന്നീട് ഡോക്ടര്‍മാര്‍ ജയിലിലെത്തി പരിശോധിച്ചു. ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ ശരിക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ദിലീപെന്നും സൂചനകളുണ്ട്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്‌നങ്ങളാല്‍ ഇതൊഴിവാക്കി.