തടവുകാരന് വൃക്ക ദാനംചെയ്യാന്‍ കഴിയില്ലെന്ന ജയില്‍ച്ചട്ടം സുകുമാരന് തടസ്സംനിന്നു. .....ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിനുപകരം മറ്റൊരാള്‍ക്ക് ജീവിതം നല്‍കി സുകുമാരന്‍.

 
കണ്ണൂര്‍:  (streetlightnews.com 5.8.2017) ഒരിക്കല്‍ ദേഷ്യത്തിന്റെപുറത്ത് തന്റെ കൈകൊണ്ട് നഷ്ടപ്പെടുത്തിയ ജീവനുപകരം തന്റെ ജീവന്‍തന്നെ സ്നേഹത്തോടെ പകുത്തുനല്‍കി പ്രായശ്ചിത്തം ചെയ്യുകയാണ് സുകുമാരന്‍. 
ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിനുപകരം മറ്റൊരാള്‍ക്ക് ജീവിതം നല്‍കി പ്രായശ്ചിത്തംചെയ്യാന്‍ പറ്റുമോ. അച്ഛന്റെ ജ്യേഷ്ഠന്റെ മരണത്തിന് കാരണക്കാരനായി ജീവപര്യന്തം ശിക്ഷലഭിച്ച് ജയിലിലെത്തിയ പാലക്കാട്ടുകാരനായ സുകുമാരന്റെ മനസ്സില്‍ വര്‍ഷങ്ങളോളം ആ ചോദ്യംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ രണ്ട് കിഡ്നിയും തകര്‍ന്ന് ഡയാലിസിസ്‌കൊണ്ടുമാത്രം ജീവന്‍ നിലനിര്‍ത്തുന്ന അജ്ഞാതയായ ഒരു പെണ്‍കുട്ടിക്ക് സ്വന്തം വൃക്ക ദാനംചെയ്യാന്‍ സുകുമാരന്‍ തീരുമാനിച്ചു. ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ ചെയ്തതെറ്റിന് പ്രായശ്ചിത്തമാകുമെന്ന് സുകുമാരന്‍ വിശ്വസിച്ചു. കൊല്ലം സ്വദേശിയായ പ്രിന്‍സി തങ്കച്ചനായിരുന്നു വൃക്കദാതാവിനെ കാത്തിരുന്നത്.
ഒരു മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിലെ തര്‍ക്കമാണ് പട്ടാമ്പി പള്ളിപ്പുറത്ത് പുള്ളിത്തടത്തില്‍ വീട്ടില്‍ സുകുമാരന്റെ ജീവിതം മാറ്റിമറിച്ചത്. പ്രശ്നത്തില്‍ അച്ഛന്റെ ജ്യേഷ്ഠന്‍ കുത്തേറ്റുമരിച്ചു. സുകുമാരന്‍ ജയിലിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലും ഏഴുവര്‍ഷംനീണ്ട !ജീവിതം.   
ജയിലിനുള്ളില്‍വെച്ച് വായിച്ച 'നിലാച്ചോര്‍' എന്ന പുസ്തകം സുകുമാരന്റെ ചോദ്യത്തിന് ഉത്തരംനല്‍കി. 1997-ല്‍ സ്വന്തം വൃക്ക ദാനംചെയ്ത ഉമാപ്രേമനെക്കുറിച്ചുള്ള പുസ്തകമായിരുന്നു അത്. അതിലൂടെ ശാന്തി മെഡിക്കല്‍ സംഘടനയെപ്പറ്റിയും വായിച്ചറിഞ്ഞു. പിന്നീട് നേരില്‍ക്കണ്ടപ്പോള്‍ വൃക്ക ദാനംചെയ്യാനുള്ള ആഗ്രഹം അവരോട് പ്രതീക്ഷയോടെ പറഞ്ഞു. 
തടവുകാരന് വൃക്ക ദാനംചെയ്യാന്‍ കഴിയില്ലെന്ന ജയില്‍ച്ചട്ടം സുകുമാരന് തടസ്സംനിന്നു. മരണാസന്നയായിക്കിടക്കുന്ന പെണ്‍കുട്ടിക്ക് വൃക്കകൊടുക്കാന്‍ പറ്റില്ലെന്നത് എന്തുനിയമമാണെന്ന് ചോദിച്ച് മനുഷ്യാവകാശക്കമ്മിഷനും ജയില്‍ ഡി.ഐ.ജി.ക്കും പരാതി നല്‍കി. തടവുകാര്‍ക്കും വൃക്ക ദാനംചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചപ്പോഴേക്കും സുകുമാരന്റെ ശിക്ഷ കഴിഞ്ഞിരുന്നു. 
ജൂലായ് ഒന്നിന് പുറത്തെത്തിയ സുകുമാരന്‍, പ്രിന്‍സിയുെട അടുത്തേക്കാണ് ആദ്യം പോയത്. വൃക്ക കുട്ടിക്ക് ചേരുമെന്ന് വിദഗ്ധപരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ നിമിഷം ഒരിക്കലും മറക്കാനാവില്ലെന്ന് സുകുമാരന്‍ പറയുന്നു.
 
Related Post