ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു

തോപ്പുംപടി: (www.streetlightnews.com 3.8.2017 ) ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊച്ചി കരുവേലിപ്പടി രാമേശ്വരം െലയ്നില്‍, താഴ്ചയില്‍ വീട്ടില്‍ ജാന്‍സി എന്ന നാസിയ (46) യാണ് ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്.
കുടുംബ വീട് വിറ്റതും സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയാത്തതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും റഫീക്ക് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. 
ഇവരുടെ ഭര്‍ത്താവ് റഫീക്കി (പി.കെ. പരീക്കുട്ടി - 51) നെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
മക്കളായ ജെഫ്റിന്‍ (21), ഷെഫിന്‍ (18), സാനിയ (13) എന്നിവര്‍ക്ക് റഫീക്കിന്റെ ആക്രമണത്തില്‍ വെട്ടേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. 
കൊച്ചി കരുവേലിപ്പടിയിലെ ചുമട്ടുതൊഴിലാളിയാണ് മരിച്ച റഫീക്ക്. മകന്‍ ജെഫ്റിന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഷെഫിന്‍ മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയും. സാനിയ എട്ടാം ക്ലാസില്‍ പഠിക്കുന്നു. 
രാമേശ്വരം ലയ്നിലുള്ള ഇവരുടെ വീട്ടില്‍ ബെഡ് റൂമില്‍ ഉറങ്ങിക്കിടന്ന നാസിയയെയാണ് റഫീക്ക് ആദ്യം വെട്ടിയത്. ഇടതു ചെവിയുടെ താഴെ കഴുത്തിലും കവിളിലുമായിരുന്നു വെട്ട്. തുടര്‍ന്ന് മക്കള്‍ കിടക്കുന്ന മുറിയിലെത്തി മൂത്ത മകന്‍ ജെഫ്റിനെ വെട്ടി. മകന്‍ ചാടിയെഴുന്നേല്‍ക്കുന്നതിനിടെ രണ്ടാമത്തെ മകനായ ഷെഫിനെ വെട്ടി. മുറിയില്‍ വെളിച്ചമില്ലായിരുന്നു. പുറത്തു നിന്നെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് കരുതിയ മക്കള്‍ ഇയാളെ കയറിപ്പിടിച്ചു. ഇതിനിടയില്‍ ഇളയ മകള്‍ സാനിയയ്ക്കും വെട്ടേറ്റു. 
ഉമ്മയെ തിരക്കി നിലവിളിച്ചു കൊണ്ട് മക്കള്‍ മുറിയിലേക്ക് നീങ്ങിയ സമയത്താണ് റഫീക്ക് സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ചത്. തൂങ്ങാനുള്ള കയര്‍ ഫാനിന്റെ കൊളുത്തില്‍ ഒരുക്കി വച്ച ശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. 
കൊലപാതകത്തിനു കാരണം കുടുംബ വഴക്കല്ലെന്ന് പോലീസ് പറഞ്ഞു. സ്നേഹത്തോടെയും സ്വരുമയോടെയും ജീവിക്കുന്ന കുടുംബമാണിതെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. 
കയറില്‍ തൂങ്ങിയ ഇയാളെ രക്ഷപ്പെടുത്താന്‍ മക്കള്‍ ശ്രമിച്ചെങ്കിലും വിഫലമായി. തങ്ങളുടെ ദേഹത്ത് നിന്ന് ചോര ഒഴുകിക്കൊണ്ടിരുന്നപ്പോഴാണ് മക്കള്‍ പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചത്.
ഇതിനിടയില്‍ മക്കളിലൊരാള്‍ വാതില്‍ തുറന്ന് പുറത്തെത്തി നിലവിളിച്ച് അയല്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പോലീസും സ്ഥലത്തെത്തി. പോലീസാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 
സ്വന്തം വീട് വിറ്റ റഫീക്ക് കുടുംബത്തോടൊപ്പം കരുവേലിപ്പടി രാമേശ്വരത്തുള്ള വാടക വീട്ടിലാണ് താമസിച്ചു വന്നത്. നാലു മാസമേ ആയുള്ളൂ ഇവിടേക്ക് എത്തിയിട്ട്. 
മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇല്ലാത്ത ഇയാള്‍ക്ക് വീട് നഷ്ടപ്പെട്ടപ്പോഴുണ്ടായ അഭിമാനക്ഷതവും കുടുംബത്തോടുള്ള അമിത സ്നേഹവുമാണ് കൊലപാതകത്തിനു കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. 
മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എസ്. വിജയന്‍, ഫോര്‍ട്ട്കൊച്ചി സി.ഐ. പി. രാജ്കുമാര്‍, തോപ്പുംപടി എസ്.ഐ. സി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.