പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു ...അമ്മയും കാമുകനും ഒളിവിൽ ...

കൊച്ചി:  (www.streetlightnews.com 3 .8. 2017 )ദേഹത്ത് കടികൊണ്ട് തൊലി പോയ 13 പാടുകള്‍,  കൈയിലും കാലിലും വ്രണം പൊട്ടി ഉണങ്ങിയ പാടുകള്‍...മുഖം പൊള്ളലേറ്റിരിക്കുന്നു, തോളെല്ല് ഒടിഞ്ഞിരിക്കുന്നു.എറണാകുളം ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഒന്നര വയസ്സുകാരിയുടെ അവസ്ഥയാണിത്. കുട്ടിയുടെ അമ്മയും ഫേസ്ബുക്ക് കാമുകനും കൂടിയാണ് ഈ ക്രൂരത ചെയ്തിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. യുവതിയും കാമുകനും ഇപ്പോള്‍ ഒളിവിലാണ്. യുവതിയുടെ ഫോണ്‍ വഴിയുള്ള ബന്ധം ഭര്‍ത്താവ് അനൂപ് എട്ട് മാസം മുമ്പേ പിടിക്കുകയും ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു. പിന്നീട് ഫോണ്‍ തിരികെ കിട്ടിയതോടെ യുവതി പിന്നെയും പഴയ ബന്ധം തുടര്‍ന്നു
സംഭവങ്ങള്‍ തുടങ്ങുന്നത് കഴിഞ്ഞ മാസം 22-നാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കുട്ടിയെയും കൊണ്ടിറങ്ങിയ യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പള്ളുരുത്തി പോലീസില്‍ പരാതി നല്‍കി.
യുവതി ഫേസ്ബുക്കില്‍ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി ജുനൈദ് എന്ന യുവാവിനൊപ്പം കഴിയുകയായിരുന്നു. പിന്നീട് മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ യുവതിയുടെ പിതാവിനൊപ്പം വിട്ടു. രണ്ടു ദിവസം തികയും മുമ്പേ കുട്ടിയെയും കൊണ്ട് യുവതി കോഴിക്കോട്ടേക്കു പോയി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് യുവതി കുട്ടിയെ തന്റെ വീട്ടിലാക്കി മടങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെ വന്ന് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഭര്‍ത്താവ് കുട്ടിയുടെ ദേഹത്തെ പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.വനിത സ്റ്റേഷന്‍ എസ്.ഐ. എത്തി ഇവരുടെ മൊഴിയെടുത്തു.
 കുട്ടിയെ ഇനി യുവതിയെയോ അവരുടെ വീട്ടുകാരെയോ ഏല്പിക്കില്ലെന്നാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് പറയുന്നത്. ഇയാള്‍ക്ക് 6 വയസ്സുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്. ചൈല്‍ഡ് ലൈന്‍ കേസെടുത്തിട്ടുണ്ട്.