ക്വട്ടേഷന്‍ ഏറ്റവും മുന്നില്‍ ആലപ്പുഴ..കേരളം ഞെട്ടിയ ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ പലതും ആലപ്പുഴയിലാണ് സംഭവിച്ചത്

ആലപ്പുഴ: (www.streetlightnews.com 14. 7. 2017 ) ക്വട്ടേഷന്‍ ഏറ്റവും മുന്നില്‍  ആലപ്പുഴ.
കേരളം ഞെട്ടിയ ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ പലതും ആലപ്പുഴയിലാണ് സംഭവിച്ചത്.വാര്‍ത്തകളിലിടംനേടിയ മറ്റൊരു കൊലപാതകമായിരുന്നു ചെറിയനാട് ഭാസ്‌കര കാരണവര്‍ കൊലക്കേസ്. സ്വത്തിന്റെപേരില്‍ മരുമകള്‍ അമ്മായി അച്ഛനെ കൊല്ലാന്‍ കൊടുത്ത ക്വട്ടേഷനായിരുന്നു അത്. 2015 നവംബറില്‍ ചേര്‍ത്തലയ്ക്കടുത്ത് നടന്ന ഇരട്ടക്കൊലപാതകവും ആലപ്പുഴയിലെ വാടകഗുണ്ടാസംഘങ്ങളുടെ ഭീകരമുഖം വരച്ചുകാട്ടി. 
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനത്തെ എല്ലാ ക്വട്ടേഷന്‍ ഗുണ്ടകളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവര്‍ കണക്കെടുത്തു. ഏറ്റവും മുന്നില്‍ ആലപ്പുഴ - ഗുണ്ടകള്‍ 336. രണ്ടാം സ്ഥാനം കണ്ണൂരിനും മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനും. യഥാക്രമം 305, 236 വീതം. എറണാകുളത്ത് കുപ്രസിദ്ധ ഗുണ്ടകള്‍ 85 പേരേ ഉള്ളൂവെന്നാണ് പോലീസ് കണക്ക്. എറണാകുളത്തെ ക്വട്ടേഷനുകള്‍ക്ക് എത്തുന്നവരിലേറെയും ആലപ്പുഴക്കാര്‍ തന്നെ. മുത്തൂറ്റ് പോളിന്റെ കൊലപാതകമാണ് എടുത്തുപറയേണ്ട ഒന്ന്. മറ്റൊരു ക്വട്ടേഷനുമായിപ്പോയ സംഘത്തിന് പെട്ടെന്നുണ്ടായ വിദ്വേഷത്തില്‍നിന്നുണ്ടായ കൊല. 
മധ്യകേരളത്തോടടുത്ത സ്ഥാനവും ഒളികേന്ദ്രങ്ങള്‍ ഒട്ടേറെയുള്ളതുമാണ് ആലപ്പുഴ ക്വട്ടേഷന്റെ തലസ്ഥാനമായതെന്നാണ് പോലീസിലെ ഉന്നതരുടെ പക്ഷം. നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി ഒളിച്ചിരിക്കാന്‍ ആദ്യമെത്തിയതും ആലപ്പുഴയിലായിരുന്നു. ആലപ്പുഴയ്ക്കടുത്ത് കക്കാഴത്തും കരൂരുമായിരുന്നു സുനി ഒളിവില്‍ക്കഴിഞ്ഞത്. പിടികൂടുമെന്നറിഞ്ഞ് ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
ക്വട്ടേഷന്‍ ആക്രമണത്തില്‍ രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ കൊല്ലപ്പെട്ടത് 28 പേരാണ്. അഞ്ചുവര്‍ഷത്തിനിടെ ക്വട്ടേഷന്‍ കുടിപ്പകയില്‍ ആലപ്പുഴയില്‍ മാത്രം കൊല്ലപ്പെട്ടത് ഇരുപതിലേറെ പേര്‍. കാല്‍വെട്ടിയതും കൈവെട്ടിയതും ജീവച്ഛവമാക്കിയതുമായ കേസുകള്‍ വേറെയുണ്ട്.