നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ..തെളിവുകള്‍ കണ്ടെത്താനായി തീവ്രശ്രമത്തിലാണ് പോലീസ്.

കൊച്ചി:  (www.streetlightnews.com 10. 7. 2017 ) നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്താനായി തീവ്രശ്രമത്തിലാണ് പോലീസ്.കുറ്റകൃത്യം നടന്ന ഫെബ്രുവരി 17-നുമുമ്പ് നടന്ന ഗൂഢാലോചനയില്‍ ക്വട്ടേഷന്‍ നല്‍കിയവരൊഴിച്ച് മറ്റെല്ലാവരും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ നാലുദിവസമായി സുനിയെയും കൂട്ടാളികളെയും ചോദ്യംചെയ്തിട്ടും കാര്യമായ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ജയിലില്‍നിന്നയച്ച കത്തിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കും സുനി പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്.
കത്തെഴുതാന്‍ ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോയെന്നാണ് പ്രധാനമായും തേടുന്നത്. കത്തെഴുതാന്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് വിപിന്‍ ലാല്‍ പറഞ്ഞത് രക്ഷപ്പെടല്‍ തന്ത്രമായാണ് പോലീസ് കാണുന്നത്.
സുനി ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞാല്‍ കേസില്‍ പ്രതിയാകുമോയെന്ന സംശയവും വിപിനുണ്ടാകാമെന്ന് കണക്കുകൂട്ടുന്നു. സംഭവത്തില്‍ രണ്ടുതരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി പോലീസ് ഉറപ്പിക്കുന്നുണ്ട്.
ജയിലിനുള്ളില്‍ നടത്തിയ ഗൂഢാലോചനയാണിതെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. കസ്റ്റഡി തീരുന്ന അവസാനദിനത്തില്‍ സുനിയില്‍നിന്ന് പരമാവധി കാര്യങ്ങള്‍ അറിയാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. ബോധ്യമായ കാര്യങ്ങളില്‍പ്പോലും ശാസ്ത്രീയതെളിവുകള്‍ ലഭിക്കാതെ കൂടുതല്‍ അറസ്റ്റുകള്‍ വേണ്ടെന്നാണ് ഇവരുടെ നിലപാട്.