പൂരത്തിനെത്തിയ 77 ആനകള്‍ എഴുന്നള്ളിക്കാന്‍ യോഗ്യമാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍. ; ഫിറ്റ് അല്ലാതിരുന്ന മൂന്ന് ആനകളെ ഒഴിവാക്കുകയും ചെയ്തു

തൃശ്ശൂര്‍: (www.streetlightnews.com 5.5.2017 )പൂരത്തിനെത്തിയ 77 ആനകള്‍ എഴുന്നള്ളിക്കാന്‍ യോഗ്യമാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍. വ്യാഴാഴ്ച നടന്ന ഫിറ്റ്നസ് പരിശോധനയിലാണ് ഇവയ്ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അതേസമയം ഫിറ്റ് അല്ലാതിരുന്ന മൂന്ന് ആനകളെ ഒഴിവാക്കുകയും ചെയ്തു. തിരുവമ്പാടി വിഭാഗത്തിന്റെ പരിശോധന സി.എം.എസ്. സ്‌കൂളിനടുത്തും പാറമേക്കാവിന്റേത് ക്ഷേത്രത്തിനുസമീപത്തെ പറമ്പിലുമായിരുന്നു. മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടറും പൂരത്തിന്റെ സ്പെഷ്യല്‍ ഓഫീസറുമായ ഡോ.കെ.എസ്. തിലകന്‍, ഡോ.പി.ബി. ഗിരിദാസ്, ഡോ.കെ. വിവേക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. തിരുവമ്പാടി വിഭാഗത്തിന്റെ ആനപ്പട്ടികയിലുണ്ടായിരുന്ന രണ്ടാനകളെയും പാറമേക്കാവ് വിഭാഗത്തിന്റെ ഒരാനയെയും ആണ് ഒഴിവാക്കിയത്.
ബാക്കി ആനകളുടെ പരിശോധന വെള്ളിയാഴ്ച രാവിലെ നടക്കും. 40 അംഗ സ്‌ക്വാഡാണ് ആനകളുടെ ആരോഗ്യപരിശോധന നടത്തിയത്. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ഇവര്‍ പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ആനകളുടെ പരിശോധന ആരംഭിച്ചത്.